മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് 58 വർഷം വീതം കഠിന തടവും 3.75 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മുവാറ്റുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്.
തൃശ്ശൂർ ഒല്ലൂർ ഇല്ലഞ്ഞികുളം കദളിക്കാട്ടിൽ വീട്ടിൽ കെ. സമൽ (32), തൊടുപുഴ ഉടുമ്പന്നൂർ ഇളന്താനത്ത് വീട്ടിൽ സൂര്യദേവ് (27) എന്നിവരാണ് കേസിലെ പ്രതികൾ.
പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
2019 ഡിസംബർ 16-ന് മുവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ബന്ധുവിന്റെ വീട്ടിൽ താമസിച്ചിരുന്ന പ്രതികൾ, ആറുവയസ്സുകാരിയെ തുടർച്ചയായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. കോടതി പ്രതികൾക്കെതിരെ പോക്സോ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.




