മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്ന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തും. പ്രദേശത്ത് ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സമീപത്തെ കുന്നിന്റെ സുരക്ഷയും വിദഗ്ധസംഘം പരിശോധിക്കും.
ഇടയ്ക്കിടെ മണ്ണിടിയുന്നത് തുടരുന്നതിനാൽ സംസ്ഥാന പാതയിലെ ഗതാഗതം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലെ കുടുംബങ്ങളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തുടർച്ചയായി മഴ മാറിനിൽക്കാതെ മണ്ണ് നീക്കം ചെയ്യാൻ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
റോഡിലേക്ക് വീണ മണ്ണ് എത്രയും വേഗം നീക്കം ചെയ്യുമെന്ന് മലപ്പുറം നഗരസഭ ചെയർപേഴ്സൺ റിനിഷ റഫീഖ് അറിയിച്ചു. ഗതാഗതം പുനരാരംഭിക്കുന്ന കാര്യത്തിൽ ജില്ലാ കളക്ടറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അവർ പറഞ്ഞു.
ഇന്നലെ രാവിലെ എട്ടോടെയാണ് പാണക്കാട് എടായിപ്പാലത്ത് സമീപത്തെ കുന്ന് സംസ്ഥാന പാതയിലേക്ക് ഇടിഞ്ഞുവീണത്. മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ കുന്നിന്റെ മറ്റൊരു ഭാഗം കൂടി ഇടിഞ്ഞതോടെ രക്ഷാപ്രവർത്തനവും ഗതാഗത നിയന്ത്രണവും കൂടുതൽ ശക്തമാക്കി.
മലപ്പുറം ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമാണത്തിലിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണെടുക്കാനും പാറ പൊട്ടിക്കാനുമായി നഗരസഭയും ജിയോളജി വകുപ്പും നൽകിയിരുന്ന അനുമതിയുടെ കാലാവധി അവസാനിച്ചതായി നഗരസഭ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, പാണക്കാട്ടെ ഇങ്കൽ സിറ്റിയുടെ ആവശ്യത്തിനായി സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി കുന്ന് മുറിക്കുന്ന പ്രവർത്തനങ്ങൾ പ്രദേശത്തെ അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ശാസ്ത്രീയ പഠനവും സുരക്ഷാ വിലയിരുത്തലും പൂർത്തിയാക്കിയ ശേഷമേ തുടർപ്രവർത്തനങ്ങൾ അനുവദിക്കാവൂ എന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.




