മലപ്പുറം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രമുഖ വ്‌ളോഗർ ദിൽഷാദ്, ചികിത്സ പൂർത്തിയായ ശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്ന് അറിയിച്ചു. തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ആരോഗ്യം മെച്ചപ്പെട്ട ശേഷം എല്ലാ കാര്യങ്ങളും നേരിട്ട് വിശദീകരിക്കാമെന്നും ദിൽഷാദ് പറഞ്ഞു.
നാട്ടിലെത്തിയ ശേഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. അപകടത്തെ തുടർന്ന് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിൽഷാദ് നിലവിൽ തുടർചികിത്സയിലാണ്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റതിനാൽ കൂടുതൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാൻ കഴിയാതിരുന്നതെന്നും ദിൽഷാദ് പറഞ്ഞു. അപകടസമയത്ത് ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ആഘാതത്തിൽ അത് തെറിച്ചുപോയെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങൾ കുടുംബാംഗങ്ങളെയും തന്നെ പിന്തുണയ്ക്കുന്നവരെയും വേദനിപ്പിക്കുന്നുണ്ടെന്നും ഒപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദിൽഷാദ് യാത്രാവിഷയക വ്‌ളോഗുകളിലൂടെ ശ്രദ്ധേയനാണ്. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. യാത്രയ്ക്കിടെ ബൈക്ക് അപകടത്തിൽപ്പെട്ട ദിൽഷാദിനെ പിന്നീട് മേഘാലയയിലെ വനമേഖലയോട് ചേർന്ന പ്രദേശത്ത് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.




