ഗുവാഹത്തി: അസമിലെ ഹൈലകണ്ടി ജില്ലയിൽ 15 വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിനും കൊലപാതകത്തിനും ഇരയായെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുടുംബാംഗങ്ങൾ വീടിനടുത്തുള്ള ബന്ധുവീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയപ്പോഴാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മുഖത്തും തലയിലും ഗുരുതരമായ മർദനമേറ്റ നിലയിലായിരുന്നുവെന്നും സ്വകാര്യഭാഗങ്ങളിൽ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരികയുള്ളുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവദിവസം രാത്രി 11 മണിയോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് പൊലീസ് നിഗമനം. ബന്ധുവീട്ടിലെ ചടങ്ങിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. പിന്നീട് കുടുംബാംഗങ്ങൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ദേശീയപാത 6 ഉപരോധിച്ച് പ്രതിഷേധിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ചോദ്യം ചെയ്തുവരികയാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.




