കൂത്താട്ടുകുളം: വിദേശത്തുനിന്ന് നാട്ടിലെത്തുന്ന മകളെ വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കാൻ പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ പിതാവ് മരിച്ചു. മരങ്ങാട്ടുപള്ളി കുര്യനാട് മുളയോലിക്കൽ സ്വദേശി സണ്ണി ജോൺ (64) ആണ് മരിച്ചത്.
ദേവമാത ആശുപത്രിക്ക് സമീപം വാഹനം നിർത്തിയ ശേഷം ബന്ധുവിനെ കാണാൻ ആശുപത്രിയിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ കാർ സണ്ണി ജോണിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആശുപത്രിയുടെ മതിൽ കടന്ന് താഴെയുള്ള ആശുപത്രി മുറ്റത്തേക്ക് വീണ സണ്ണിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന മൂത്ത മകൾ ആന്റിയാ സണ്ണിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു സണ്ണി ജോൺ. വിവാഹാവശ്യത്തിനായാണ് ആന്റിയ നാട്ടിലെത്തിയത്.
യാത്രയ്ക്കിടെ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനായി ദേവമാത ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു അപകടം. ഭാര്യയുടെയും ബന്ധുക്കളുടെയും കൺമുന്നിലായിരുന്നു ദാരുണ സംഭവം.
അപകടത്തിൽ നിയന്ത്രണം വിട്ട കാറിലുണ്ടായിരുന്ന പൈക വിളക്കുമാടം പുത്തൻപുരയിൽ പ്രിൻസ്, രണ്ടാമത്തെ കാറിന്റെ ഡ്രൈവർ തിടനാട് അരിമറ്റത്തിൽ ജോർജുകുട്ടി സെബാസ്റ്റ്യൻ എന്നിവർക്കും പരിക്കേറ്റു.
കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു സണ്ണി ജോൺ. ഭാര്യ ബിൽസി. മക്കൾ: ആന്റിയാ സണ്ണി, അൽജോ സണ്ണി, അനിത സണ്ണി. സംസ്കാരം പിന്നീട് നടക്കും.




