പൻവേൽ: പുതിയ നിയമങ്ങൾ സമുദായങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലാകരുതെന്ന് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് നാഷനൽ കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ. രാജ്യത്തെ എല്ലാ സമുദായങ്ങളുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്ന അൽമായരെ നന്ദിയോടെ ഓർക്കുന്നുവെന്ന് കർദ്ദിനാൾ പറഞ്ഞു. സുവിശേഷം പ്രഘോഷിക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും ആരെയും ഭയപ്പെടേണ്ടതില്ലെന്നും അത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ തുടങ്ങിയവർ സംസാരിച്ചു.
‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, നയരൂപീകരണ ചർച്ചകൾ എന്നിവ നടന്നു. പൻവേൽ എആർസിയിൽ നടന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 170 പ്രതിനിധികൾ പങ്കെടുത്തു.




