തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7 വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. ഓഗസ്റ്റ് 5 മുതൽ മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടാകുമെന്നാണ് നിലവിലെ പ്രവചനം.
മഴ ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും വ്യാപകമായി തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആറന്മുളയിലും സമീപപ്രദേശങ്ങളിലുമുള്ള നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലേക്കും വീണ്ടും വെള്ളം കയറുകയാണ്.
പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി എത്തുന്നുണ്ട്. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്.
ശനിയാഴ്ച ഓറഞ്ച് അലർട്ടായിരുന്നെങ്കിലും പല ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ഇന്നും സമാന സാഹചര്യമാണ് അനുഭവപ്പെടുന്നത്. രാവിലെ 10 മണിക്കുശേഷമാണ് പത്ത് ജില്ലകളിലേക്ക് ഓറഞ്ച് അലർട്ട് വ്യാപിപ്പിച്ചത്.
അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. അതേസമയം, മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.




