ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തിലെ പ്രതി സിവില്‍ പൊലീസ് ഓഫിസര്‍ മാരായമുട്ടം കിഴങ്ങുവിളവീട്ടില്‍ ദിലീപിനെ(44) നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. ഇടുക്കി മറയൂര്‍ ജനമൈത്രി സ്‌റ്റേഷനിലെ പൊലീസുകാരനായ ദിലീപിനെ അന്വേഷണ സംഘം അവിടെ നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.
2021 ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. വയര്‍ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരിയെ പരിശോധിച്ച ഡോക്ടറാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉടന്‍ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു.
ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പൊലീസ് പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തത്. പ്രതിക്കെതിരെ മുന്‍പ് നെയ്യാറ്റിന്‍കര സ്‌റ്റേഷനില്‍ കേസുണ്ടായിരുന്നുവെന്നും ആര്യങ്കോട് പൊലീസ് പറഞ്ഞു.