കൊച്ചി
എറണാകുളം ആര്‍.ടി.ഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവര്‍ ഭക്ഷണം കഴിച്ച തൃക്കാക്കര ആര്യാസ് ഹോട്ടലാണ് നഗരസഭ പൂട്ടിച്ചു. ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ (52), മകന്‍ അശ്വിന്‍ കൃഷ്ണ (23) എന്നിവര്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. ഹോട്ടലിന് 50000 രൂപ പിഴയും ഈടാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനന്തകൃഷ്ണനും മകനും കാക്കനാട് ടി.വി സെന്ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. മസാലദോശയാണ് ഇരുവരും കഴിച്ചത്.
തുടര്‍ച്ചയായുള്ള ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്. മകന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ആര്‍ടിഒയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുകയായിരുന്നു.
സംഭവം നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണത്തിന്റെ സാംപിള്‍ എടുത്ത് പരിശോധനക്ക് അയച്ചു. ഇതിന്റെ ഫലം ലഭ്യമാകുന്നതോടെ തുടര്‍ നടപടികളുണ്ടാകുമെന്ന് നഗരസഭ അറിയിച്ചു.