ഏറെ നാളായി മലയാളികള്‍ കാത്തിരിക്കുന്നൊരു രണ്ടാം ഭാഗമാണ് ബിഗ് ബിയുടേത്. അമല്‍ നീരദ് എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സിനിമയില്‍ മമ്മൂട്ടി ആയിരുന്നു നായകനായി എത്തിയത്. 2007ല്‍ റിലീസ് ചെയ്ത ബിഗ് ബി വന്‍ ഹിറ്റായി മാറിയില്ലെങ്കിലും പില്‍ക്കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ ബിഗ് ബി കള്‍ട്ട് പദവി നേടുന്ന തരത്തിലേക്ക് വളര്‍ന്നിരുന്നു. പിന്നീട് 2017ല്‍ ബിലാല്‍ എന്ന ബിഗ് ബി രണ്ടാം ഭാഗം അമല്‍ നീരദ് പ്രഖ്യാപിച്ചത് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പിന്നാലെ ബിലാലിനായി ഏവരും കാത്തിരുന്നു.
പുതിയ ഏത് സിനിമ വന്നാലും മമ്മൂട്ടിയോട് ആദ്യം ചോദിക്കുന്ന ചോദ്യം ബിലാലിനെ കുറിച്ചാകുന്നതും അതുകൊണ്ട് തന്നെയാണ്. ഇപ്പോഴിതാ ബിലാലിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ലക്കി ഭാസ്‌കര്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു നടന്റെ പ്രതികരണം. ‘ബിലാല്‍ എപ്പോള്‍ വരുമെന്ന് ചോദിച്ചാല്‍ അത് ബിലാലിനെ അറിയൂ. പക്ഷേ വരുമ്പോ അതൊന്നൊന്നര വരവായിരിക്കും’, എന്നായിരുന്നു ദുല്‍ഖര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടി.
നേരത്തെ ബിലാലിനെ പറ്റിയുള്ള ചോദ്യത്തിന്, ‘അപ്‌ഡേറ്റ് വരുമ്പോള്‍ വരും. ഇത് നമുക്ക് അങ്ങനെ വരുത്താന്‍ ഒക്കില്ലല്ലോ. വരുമ്പോള്‍ വരും എന്നല്ലാതെ. ഞാന്‍ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാല്‍ പോരല്ലോ. അതിന്റെ പിറകില്‍ ആള്‍ക്കാര്‍ വേണ്ടേ? അവര്‍ സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ കമിംഗ് സൂണ്‍ ആണോ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നമ്മള്‍ പിടിച്ചുവലിച്ചാല്‍ വരില്ല ഇത്. അമല്‍ നീരദ് തന്നെ വിചാരിക്കണം’, എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന ചിത്രം വൈകാതെ സംഭവിക്കുമെന്ന് തന്നെ കരുതാം.