കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പന്നൂര്‍ ഗവ. HSS ലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കരുവന്‍ പൊയില്‍ സ്വദേശിയെ, നാല് പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിങ്ങിന് ഇരയാക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചായിരുന്നു മര്‍ദ്ദനം. കഴുത്തിനും മൂക്കിലും പരിക്കേറ്റ വിദ്യാര്‍ത്ഥി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ കുടുംബം മര്‍ദ്ദിച്ചവര്‍ക്ക് എതിരെ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.