തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ 24 വയസുള്ള യുവതി മരിച്ചു. നിലവില്‍ സംസ്ഥാനത്ത് 1400 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.24 മണിക്കൂറിനിടെ 363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും, 131 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് 8 മണി വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരനും മരണപ്പെട്ടിരുന്നു.
അതിനിടെ രാജ്യത്താകെ 3758 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം രോഗവ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.