മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. സര്‍ക്കാര്‍ കണക്കുകള്‍ കൊണ്ട് കളിച്ച് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ്. കുട്ടികളുടെ അവകാശങ്ങളെ നിഷേധിക്കുന്നു. പ്ലസ് വണ്ണിന് ചേരാന്‍ നില്‍ക്കുന്ന കുട്ടിയോട് മറ്റേതെങ്കിലും കോഴ്‌സിന് ചേരാന്‍ പറയുകയാണെന്നും അബ്ദുറബ്ബ് പ്രതികരിച്ചു.
യുഡിഎഫ് കാലത്ത് പ്ലസ് വണ്‍ സീറ്റിനു വേണ്ടി ഒരു സമരം പോലും നടന്നിട്ടില്ല. അന്ന് ഇത്രയധികം കുട്ടികള്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കായി ഹൈസ്‌കൂളുകളെ ഹയര്‍സെക്കന്‍ഡറി ആക്കണം. അല്ലെങ്കില്‍ അധിക ബാച്ചുകള്‍ അനുവദിക്കണം. ഇപ്പോള്‍ പത്താം ക്ലാസ് വിജയിച്ച കുട്ടിക്ക് പോലും ശരിയായ രീതിയില്‍ എഴുതാന്‍ കഴിയില്ലെന്ന് ആക്ഷേപമുണ്ട്. ഭരണകാലത്ത് ഏത് ന്യായമായ കാര്യത്തിനും എസ്എഫ്ഐ സമരം ചെയ്യില്ല. ഭരണമില്ലെങ്കില്‍ മാത്രമേ അവര്‍ സമരം ചെയ്യൂ’, അബ്ദുറബ്ബ് പറഞ്ഞു.