മതപണ്ഡിതര്‍ ഉപയോഗിക്കുന്ന തലപ്പാവുകള്‍ ഖാദിയില്‍ ലഭ്യമാക്കാമോ എന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍. പരിഗണിക്കാമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്റെ മറുപടി. ഖാദിക്ക് വേണ്ടി രാഷ്ട്രീയത്തിനപ്പുറത്തെ കൂടിച്ചേരലായി മാറുകയായിരുന്നു കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാതല ഉദ്ഘാടന വേദി.
സ്‌കൂളുകള്‍ക്കു പുറമേ മതസ്ഥാപനങ്ങളിലും ഖാദി പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്ക് മുന്‍കൈയെടുക്കാം എന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബലിപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ഒരു ദിവസം ഖാദി ഉപയോഗിക്കുമെന്ന് ആദ്യ വില്പന ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു.
ഖാദി വസ്ത്രങ്ങള്‍ ശേഖരിച്ച് കടയില്‍ എത്തിക്കുന്നതിനായി പ്രത്യേക വാഹനം ഏര്‍പ്പാടാക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് അധ്യക്ഷത വഹിച്ച പി ഉബൈദുള്ള എംഎല്‍എ പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടി വിപണനമാണ് ഇത്തവണത്തെ ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തി പി ജയരാജന്‍ പറഞ്ഞു ഓട്ടോറിക്ഷ, ചുമട്ടുതൊഴിലാളി തുടങ്ങിയ മേഖലയിലെ യൂണിഫോം ആവശ്യത്തിനുള്ള തുണിത്തരങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ അവ പ്രോത്സാഹിപ്പിക്കാന്‍ തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ വില്‍പ്പന നിര്‍വഹിച്ച സാദിഖലി താങ്ങളില്‍ നിന്നു മന്ത്രി വി അബ്ദുറഹ്മാന്‍, ആഭരണ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഗണേശന്‍ കെ എം എന്നിവര്‍ വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി. ഖാദി ബോര്‍ഡ് അംഗം എസ് ശിവരാമന്‍ നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി, വാര്‍ഡ് കൗണ്‍സിലര്‍ പി സുരേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ്, പ്രോജക്ട് ഓഫീസര്‍ സത്യനിര്‍മല എന്നിവര്‍ സംബന്ധിച്ചു. ജൂണ്‍ 27 വരെയുള്ള ബക്രീദ് ഖാദി മേളയില്‍ ഉല്‍പ്പന്നങ്ങള്‍ 30% വരെ ഡിബേറ്റില്‍ ലഭിക്കും….
മതപണ്ഡിതരുടെ തലപ്പാവുകള്‍ ഖാദിയില്‍ ലഭ്യമാക്കാമോ: സാദിഖലി ശിഹാബ് തങ്ങള്‍, പരിഗണിക്കാമെന്ന് പി. ജയരാജന്‍
