ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊന്ന് വീട്ടിലെ ബാത്ത്റൂമിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. 45 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അമിത മദ്യപാനത്തെ തുടർന്നുള്ള മർദനവും കുടുംബപ്രശ്നങ്ങളും മൂലമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. 44 വയസ്സുകാരനായ സുരേന്ദ്ര കുമാർ ശർമയാണ് കൊല്ലപ്പെട്ടത്. ഭാര്യ റൂബി ശർമയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
മെയ് 18-ന് നടന്ന കൊലപാതകത്തിൽ പായസത്തിൽ ഉറക്കഗുളിക കലർത്തി ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ബാത്ത്റൂമിൽ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി റൂബി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.
സംശയം തോന്നിയ പൊലീസ് വീടിൽ നടത്തിയ പരിശോധനയിലാണ് പുതിയതായി സിമന്റും ടൈലുകളും ഇട്ടിരുന്ന ബാത്ത്റൂം കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തിരിച്ചറിയുകയായിരുന്നു.
ചോദ്യം ചെയ്യലിനിടെ റൂബി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം ഭർത്താവിന്റെ മാതാവിനെയും കുട്ടികളെയും ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷമാണ് സംഭവം നടന്നതെന്നും പൊലീസ് പറയുന്നു.
സുരേന്ദ്രയെ കാണാനില്ലെന്ന വ്യാജ പരാതി നൽകുകയും തുടർന്ന് ഏകദേശം ഒന്നര മാസം അന്വേഷണത്തെ വഴിതെറ്റിക്കാനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ കുടുംബത്തിനുള്ളിലെ തർക്കവും സാമ്പത്തിക പ്രശ്നങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.




