സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം 500 രൂപയോളമാണ് വർദ്ധിച്ചത്. തീറ്റ നിർമ്മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് ഈ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീറ്റവില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്തെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
കോഴിത്തീറ്റയ്ക്ക് പുറമേ കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വര്‍ദ്ധിച്ചതും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഉത്പാദനച്ചെലവ് ഇത്തരത്തിൽ വലിയ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന ഓണം സീസണില്‍ സംസ്ഥാനത്ത് കോഴിയിറച്ചി വിലയും വൻതോതിൽ ഉയരുമെന്നാണ് സൂചന. കോഴിത്തീറ്റയുടെ വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
അതേസമയം, കോഴിത്തീറ്റയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. വിപണിയിൽ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് നിലവിൽ കടുത്ത വിലക്കയറ്റം അനുഭവപ്പെടുന്നത്. മഴക്കാലം ശക്തമായതോടെ വിപണിയില്‍ ഇഞ്ചിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ കിലോയ്ക്ക് 260 രൂപയാണ് ഇഞ്ചിയുടെ വില. വെറും രണ്ടാഴ്ച കൊണ്ടാണ് വിലയില്‍ ഇത്രയും കാര്യമായ മാറ്റം ഉണ്ടായത്.
മൊത്തവ്യാപാര വിപണിയിൽ ഇഞ്ചി വില കിലോയ്ക്ക് 230 രൂപ മുതല്‍ 300 രൂപ വരെയായി തുടരുകയാണ്. ഒരാഴ്ച മുൻപ് വരെ കിലോയ്ക്ക് 160 രൂപയായിരുന്ന ഇഞ്ചിക്കാണ് ദിവസങ്ങൾക്കുള്ളിൽ ഈ വിലവർദ്ധനവുണ്ടായിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെയും കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.




