കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പേരിൽ വ്യാജ പരാമർശങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി. വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
കാന്തപുരം പറഞ്ഞതെന്ന വ്യാജേന തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള പോസ്റ്ററുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പത്തിലധികം അക്കൗണ്ടുകൾക്കെതിരെയും അവ പങ്കുവെച്ചവർക്കെതിരെയും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.
മർക്കസ് കേന്ദ്രമാണ് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.
വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്തി ആവശ്യമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.




