പൂനെയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സിയ അഗർവാൾ നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കേസിൽ കോടതിയിൽ ശക്തമായ തെളിവുകൾ സമർപ്പിക്കാനായി ഫോറൻസിക് അടക്കം ശാസ്ത്രീയ പരിശോധനകൾക്ക് പ്രാധാന്യം നൽകുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. നുണപരിശോധന നടത്താൻ പ്രതികളുടെ സമ്മതം ആവശ്യമായതിനാൽ സിയ അഗർവാൾ ഇതിനോട് അനുമതി നൽകിയിട്ടുണ്ട്. കൂട്ടുപ്രതി ചേതൻ ചൗധരിയെയും നുണപരിശോധനയ്ക്ക് വിധേയനാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ലോഹഗഡ് കോട്ടയിലേക്കുള്ള പ്രതിയുടെ വരവ് മറച്ചുവെച്ച് നടന്നതായി കണ്ടെത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെ കേസിൽ നിർണായക തെളിവുകളായി പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ ഫോറൻസിക് ഗെയ്റ്റ് അനാലിസിസ് നടത്തിയതായും അധികൃതർ അറിയിച്ചു.
കോട്ടയിലേക്ക് പ്രതികളെ കൊണ്ടുപോയി നടത്തിയ തെളിവെടുപ്പും പൂർത്തിയായി. കൊലപാതകം നടന്ന രീതിയും സംഭവക്രമവും പ്രതികൾ അന്വേഷണ സംഘത്തിന് മുന്നിൽ പുനരാവിഷ്കരിച്ചു കാണിച്ചതായി റിപ്പോർട്ടുണ്ട്. സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ചേതൻ ചൗധരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.




