ബെംഗളൂരുവിലെ ഒരു ഡേകെയറിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു. ആകെ അഞ്ച് ജീവനക്കാർക്കെതിരെയാണ് എച്ച്എഎൽ പോലീസ് കേസെടുത്തിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയും ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകളും പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഡേകെയറിലാണ് സംഭവം നടന്നത്. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള ജീവനക്കാരുടെ കുട്ടികളാണ് ഇവിടെ പരിചരണത്തിനായി ഉണ്ടായിരുന്നത്. കുട്ടികൾ കരയുമ്പോൾ അവരെ ശാന്തരാക്കുന്നതിന്റെ പേരിൽ കടുത്ത ശിക്ഷാരീതികൾ സ്വീകരിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കുട്ടികളെ വാഷിംഗ് മെഷീനിൽ അടച്ചുവെക്കുകയും ഇരുട്ടുള്ള ടോയ്ലറ്റിൽ പൂട്ടിവെച്ച് ഭയപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ശാരീരികമായും മാനസികമായും കുട്ടികളെ ഉപദ്രവിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.
ഡേകെയറിലെ മറ്റൊരു ജീവനക്കാരൻ പകർത്തിയ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ക്രൂരത പുറംലോകമറിഞ്ഞത്. നിലവിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




