മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയയിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന വ്ളോഗർ യുവതി. മദ്യപിച്ച് വാഹനമോടിച്ചത് തന്റെ തെറ്റാണെന്ന് സമ്മതിക്കുന്നതായി യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ഹെലൻ ഓഫ് സ്പാർട്ട പറഞ്ഞു.
ബിയർ കഴിച്ച ശേഷമാണ് വാഹനം ഓടിച്ചതെന്നും, പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയത് പരിചയക്കാരാരെങ്കിലും വീഡിയോ പകർത്തി പ്രചരിപ്പിക്കുമെന്ന ആശങ്ക കൊണ്ടായിരുന്നുവെന്നും യുവതി വിശദീകരിച്ചു. തുടർന്ന് പൊലീസ് നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും, കോടതിയിൽ പിഴയടയ്ക്കുമെന്നും വീഡിയോയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഹെലൻ ഓഫ് സ്പാർട്ട ആരോപിച്ചു. വാഹനത്തിൽ എം.ഡി.എം.എ കണ്ടെത്തിയെന്നതും താൻ ഒളിവിലാണെന്നതുമുൾപ്പെടെയുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യുവതി പറഞ്ഞു. താൻ ഒളിവിലല്ലെന്നും വാഹനം പിടിച്ചെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
മദ്യപിച്ച് വാഹനം ഓടിച്ചതിന് തന്നെ പിന്തുണയ്ക്കുന്നവരോടും ഫോളോവേഴ്സിനോടും ഹെലൻ ഓഫ് സ്പാർട്ട മാപ്പ് പറയുകയും ചെയ്തു. മദ്യപാനത്തെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും, എന്നാൽ താൻ മദ്യപിക്കാറില്ലെന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ലെന്നും യുവതി പറഞ്ഞു.
ഒരു പെഗ് ആയാലും ബിയറായാലും മദ്യം കഴിച്ച ശേഷം ഒരിക്കലും സ്റ്റിയറിങ്ങിൽ കൈവെക്കരുതെന്ന ബോധ്യമാണ് ഈ സംഭവത്തിലൂടെ ലഭിച്ചതെന്നും, പൊലീസ് നൽകിയ ഉപദേശം ശരിയായിരുന്നുവെന്നും ഹെലൻ ഓഫ് സ്പാർട്ട വീഡിയോയിൽ വ്യക്തമാക്കി.




