ലഹരിമാഫിയക്കെതിരായ കേരള പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ഒരു മാസം പൂർത്തിയാകുമ്പോൾ 30 കോടി രൂപയുടെ നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി പോലീസ്. സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനകളിൽ 5,353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5,736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ അറിയിച്ചു.
വിദ്യാലയങ്ങളെയും ക്യാമ്പസുകളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരിമാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചത്. ജൂൺ രണ്ടിന് തിരുവനന്തപുരത്തെ കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതിക്ക് തുടക്കമായതോടെ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കി.
ഓപ്പറേഷന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസിന് കഴിഞ്ഞതായാണ് വിലയിരുത്തൽ. ജൂൺ 27-ന് രാത്രി നടത്തിയ പ്രത്യേക പരിശോധനയായ ‘തൂഫാൻ സ്‌ട്രൈക്കിൽ’ മാത്രം 799 കേസുകൾ രജിസ്റ്റർ ചെയ്യുകയും 806 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേരളത്തിൽ നിന്ന് ലഹരിമാഫിയയെ പൂർണമായും തുടച്ചുനീക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ വ്യക്തമാക്കി. ലഹരിയുടെ ഉറവിടവും വിതരണ ശൃംഖലയും ഒരുപോലെ ഇല്ലാതാക്കാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്റെ ഭാഗമായി മതസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, മാധ്യമങ്ങൾ എന്നിവയുടെ സഹകരണത്തോടെ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. വരും മാസങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.




