പുല്‍പ്പള്ളി: വയനാട്ടിലെ മനുഷ്യ–വന്യജീവി സംഘര്‍ഷങ്ങളുടെ ഇടയിൽ ഗ്രാമവാസികളുടെ സ്നേഹസാന്നിധ്യമായിരുന്ന ‘ലക്ഷ്മി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പിടിയാന ചരിഞ്ഞു. പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടിക്കടുത്ത ചന്ദ്രോത്ത് ഉന്നതിക്ക് സമീപം ലക്ഷ്മിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടികളുടെയടക്കം കൂട്ടുകാരിയായി മാറിയിരുന്ന ആന ഗ്രാമവാസികൾക്ക് ഭീഷണിയല്ലാതെ സൗഹൃദത്തിന്റെ പ്രതീകമായിരുന്നു. വനത്തിൽ നിന്ന് ഗ്രാമത്തിലേക്ക് എത്തിയാലും പരിഭ്രമമില്ലാതെ സ്വീകരിച്ചിരുന്ന പ്രദേശവാസികൾ ലക്ഷ്മിയെ സ്നേഹപൂർവം പരിചരിച്ചിരുന്നു. കൃഷിയിടങ്ങളിൽ നിന്ന് ലഭിക്കുന്ന ചക്കയും മാങ്ങയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നൽകുന്നതും പതിവായിരുന്നു.
ഏകദേശം 70 വയസ് പ്രായമുണ്ടായിരിക്കാമെന്ന് വനപാലകർ അറിയിച്ചു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിന് കീഴിലുള്ള പാതിരി സെക്ഷനിൽപ്പെട്ട പ്രദേശത്താണ് സംഭവം.
ലക്ഷ്മിയുടെ വരവ് ഗ്രാമത്തിൽ ആശങ്കയല്ല, മറിച്ച് ഒരു സഹവർത്തിത്വത്തിന്റെ അനുഭവമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഗ്രാമവും ആനയും തമ്മിലുള്ള ഈ അപൂർവബന്ധം മാധ്യമശ്രദ്ധയും നേടിയിരുന്നു.
ലക്ഷ്മിയുടെ വിയോഗം ചന്ദ്രോത്ത് ഉന്നതി നിവാസികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.




