ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർത്തു. ഉത്തർപ്രദേശ് പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയിലെ (PAC) ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്.
സർവീസ് തോക്ക് അബദ്ധത്തിൽ താഴെ വീണതിനെ തുടർന്നാണ് വെടിയുതിർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വെടിയുണ്ട സമീപത്തെ ലോഹ പ്രതലത്തിൽ തട്ടി ചീളുകൾ തെറിച്ചതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തെ തുടർന്ന് ക്ഷേത്രപരിസരത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വെടിപൊട്ടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.




