മധുരവും തണുപ്പും നിറഞ്ഞ രുചി; അതാണ് ഐസ്‌ക്രീം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഐസ്‌ക്രീമിന്റെ ചരിത്രം ഇന്ന് നമ്മൾ കാണുന്ന കപ്പുകളിലും കോണുകളിലും ഒതുങ്ങുന്നതല്ല. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് ഈ തണുത്ത മധുരത്തിന്. പുരാതന ചൈനയിൽ തുടങ്ങി ഇന്ന് ലോകമെമ്പാടും കോടികളുടെ ബിസിനസ്സായി വളർന്ന ഐസ്‌ക്രീമിന്റെ കൗതുകമുണർത്തുന്ന ചരിത്രത്തിലേക്ക്…
തുടക്കം പുരാതന ചൈനയിൽ നിന്ന്
ഏകദേശം 3000 ബിസിയിൽ പുരാതന ചൈനയിലാണ് ഐസ്‌ക്രീമിന്റെ ആദ്യരൂപം ജനിക്കുന്നത്. അവിടുത്തെ ആളുകൾ പാലും അരിയും കലർത്തി പ്രകൃതിദത്ത ഐസ് ഉപയോഗിച്ച് ഫ്രീസ് ചെയ്താണ് ഇത് കഴിച്ചിരുന്നത്. ഇന്നത്തെപ്പോലെ ക്രീമി ആയിരുന്നില്ലെങ്കിലും ഫ്രോസൺ ഡെസേർട്ടുകൾക്ക് അടിത്തറ പാകിയത് ഈ ചൈനീസ് പരീക്ഷണമായിരുന്നു.
പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം ഇറാനിൽ ‘യാഖ്ചൽ’ എന്ന പ്രത്യേക പാത്രത്തിൽ ഐസ് സൂക്ഷിച്ചുകൊണ്ട് മുന്തിരി നീര്, കുങ്കുമപ്പൂവ്, പനിനീർ എന്നിവ കലർത്തി ഇന്നത്തെ ‘ഫലൂദ’യോട് സാമ്യമുള്ള മറ്റൊരു വിഭവവും അവർ വികസിപ്പിച്ചെടുത്തു.
യൂറോപ്പിലേക്കുള്ള വഴിത്തിരിവും ഫ്രഞ്ച്-ഇറ്റാലിയൻ വാദങ്ങളും
പതിമൂന്നാം നൂറ്റാണ്ടിൽ പ്രശസ്ത സഞ്ചാരിയായ മാർക്കോ പോളോയാണ് ചൈനയിൽ നിന്ന് ഐസ്‌ക്രീമിന്റെ ആദ്യകാല പാചകക്കുറിപ്പ് ഇറ്റലിയിലേക്ക് കൊണ്ടുവരുന്നത്. അവിടെ നിന്നാണ് ഈ മധുരപ്പതിപ്പ് യൂറോപ്പിലാകെ പടർന്നത്. 1843-ൽ നാൻസി ജോൺസൺ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഐസ്‌ക്രീം മെഷീൻ കണ്ടുപിടിച്ച് പേറ്റന്റ് നേടിയത് ഈ രംഗത്തെ വലിയൊരു വിപ്ലവമായി.
ആരാണ് ആധുനിക ഐസ്‌ക്രീമിന്റെ അവകാശികൾ? 1660-കളിൽ ഐസ്‌ക്രീമിന്റെ ആധുനിക രൂപം ആദ്യമായി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഫ്രാൻസും ഇറ്റലിയും തമ്മിൽ ഇന്നും തർക്കങ്ങളുണ്ട്. 1694-ൽ ഇറ്റലിയിലെ ആൽബെർട്ടോ ലാറ്റിനി പാൽ, പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് ‘ഇറ്റാലിയൻ ജെലാറ്റോ’യുടെ ആദ്യരൂപം ഉണ്ടാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, 1692-ൽ ഫ്രഞ്ചുകാരനായ നിക്കോളാസ് ഓഡിഗർ പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഓറഞ്ച് പുഷ്പത്തിന്റെ വെള്ളം ചേർത്ത ഐസ്‌ക്രീം റെസിപ്പിയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയുടെ സ്വന്തം ഫ്രോസൺ ഡെസേർട്ട്: കുൽഫി
ആധുനിക ഐസ്‌ക്രീം ബ്രാൻഡുകൾ ഇന്ത്യയിലേക്ക് എത്തുന്നതിന് എത്രയോ മുൻപ് തന്നെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഫ്രോസൺ ഡെസേർട്ട് ഉണ്ടായിരുന്നു– അതാണ് ‘കുൽഫി’. പതിനാറാം നൂറ്റാണ്ടിലെ മുകൾ കാലഘട്ടത്തിലാണ് കുൽഫി പ്രചാരത്തിലാകുന്നത്. അക്ബർ ചക്രവർത്തിയുടെ ഭരണകാലത്ത് ഹിന്ദുക്കുഷ് പർവതനിരകളിൽ നിന്ന് ഐസ് ഇറക്കുമതി ചെയ്താണ് ഉണങ്ങിയ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത പാൽ മരവിപ്പിച്ച് കുൽഫി തയാറാക്കിയിരുന്നത്.
ഇന്ത്യൻ വിപണിയിലെ ആധുനിക വിപ്ലവം
1940-കളിലാണ് ആധുനിക ഐസ്‌ക്രീം ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചു തുടങ്ങുന്നത്.
- ക്വാലിറ്റി ബ്രാൻഡ്: സതീഷ് സോണ ആരംഭിച്ച ഈ ബ്രാൻഡാണ് വാനില, സ്ട്രോബെറി തുടങ്ങിയ പാശ്ചാത്യ രുചികൾ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയത്.
- നാച്ചുറൽ ഐസ്‌ക്രീം: പിൽക്കാലത്ത് രഘുനാഥൻ കാമത്ത് കൃത്രിമ രുചികൾക്ക് പകരം യഥാർത്ഥ പഴങ്ങളുടെ ഫ്ലേവറുകൾ നൽകിക്കൊണ്ട് ഇന്ത്യൻ ഐസ്‌ക്രീം വ്യവസായത്തിൽ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചു.
നൂറ്റാണ്ടുകളായുള്ള പലവിധ മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് ഇന്ന് നമ്മൾ കഴിക്കുന്ന ഐസ്‌ക്രീമുകൾ രൂപപ്പെട്ടത്. കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാത്ത ഒന്നേയുള്ളൂ– നമ്മുടെ മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാനുള്ള ഐസ്‌ക്രീമിന്റെ ആ മാന്ത്രിക ശക്തി!




