തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി ധനവകുപ്പ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സർക്കുലറിലാണ് ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിനെ മറികടക്കരുതെന്നും നിർദേശിച്ചിരിക്കുന്നത്.
സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും മാറ്റിവയ്ക്കാൻ കഴിയുന്ന അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കണമെന്നും ധനവകുപ്പ് നിർദേശിച്ചു. അധിക ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ലെന്നും, എന്നാൽ പുതിയ ഒഴിവുകളിലേക്ക് നിയമനം നടത്തുമ്പോൾ ആവശ്യകത പരിശോധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. മുൻവർഷത്തെ അപേക്ഷിച്ച് ചെലവ് വർധിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം വിശദീകരിക്കണമെന്നും നിർദേശമുണ്ട്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 33,311.21 കോടി രൂപയായിരുന്നു. മുൻവർഷത്തേക്കാൾ വരുമാനം വർധിച്ചെങ്കിലും ചെലവും കടമെടുപ്പും ഉയർന്ന സാഹചര്യത്തിലാണ് ധനവകുപ്പിന്റെ പുതിയ നിർദേശം.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് യാഥാർഥ്യബോധത്തോടെ തയ്യാറാക്കണമെന്നും വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നികുതി, നികുതിയേതര കുടിശ്ശികകൾ, അവ പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്നിവയുടെ വിവരങ്ങളും നൽകണം.
ശമ്പളം ഒഴികെയുള്ള പദ്ധതിയേതര ചെലവുകൾ മുൻവർഷത്തേക്കാൾ വർധിക്കരുതെന്നും പദ്ധതികളെ വകുപ്പ് മേധാവികൾ വിമർശനാത്മകമായി വിലയിരുത്തണമെന്നും സർക്കുലറിൽ പറയുന്നു.
താൽക്കാലിക ജീവനക്കാരെ തുടരേണ്ടതുണ്ടോയെന്ന് വകുപ്പുകൾ പരിശോധിക്കണം. ശമ്പളത്തിനായുള്ള തുക, തസ്തികകളുടെയും ജീവനക്കാരുടെയും എണ്ണം, മുൻവർഷത്തെ അപേക്ഷിച്ചുള്ള വ്യത്യാസത്തിന്റെ കാരണം, യു.ജി.സി ഉൾപ്പെടെയുള്ള ശമ്പള സ്കെയിലിൽ വരുന്ന ജീവനക്കാരുടെ പട്ടിക തുടങ്ങിയ വിവരങ്ങളും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ 20ന് മുമ്പ് അടുത്ത ബജറ്റിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാനാണ് വകുപ്പുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് സാമ്പത്തിക സ്ഥിതി വിശദീകരിച്ച് ധവളപത്രവും പുറത്തിറക്കി. മുൻ സർക്കാരിനെ അമിതമായ കടമെടുപ്പിന് വിമർശിച്ചിരുന്ന സർക്കാർ ഇതുവരെ നാല് തവണയായി പതിനായിരത്തോളം കോടി രൂപ വായ്പയെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




