പാലക്കാട്: അട്ടപ്പാടിയിൽ തമിഴ്നാട് പൊലീസ് ആദിവാസിയായ 51കാരനെ മർദ്ദിച്ച് വാരിയെല്ല് ഒടിച്ചെന്ന പരാതിയിൽ അന്വേഷണം അഗളി ഡിവൈഎസ്പി ഏറ്റെടുക്കും. നിലവിൽ പുതൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കുളപ്പടി സ്വദേശി മുരുകേശിന്റെ വീട്ടിൽ സംഭവദിവസം രാത്രി ഒൻപത് മണിയോടെയാണ് തമിഴ്നാട് പൊലീസ് സംഘം എത്തിയത്. കൈയിൽ കഞ്ചാവുണ്ടോ എന്ന് ചോദിച്ച ശേഷം മർദ്ദിച്ചെന്നാണ് മുരുകേശിന്റെ പരാതി.
മർദ്ദനത്തിൽ മുരുകേശിന്റെ വാരിയെല്ല് ഒടിയുകയും കാലിന് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മുരുകേശിന്റെ ഇരുചക്രവാഹനം തമിഴ്നാട് തടാകം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതായും പരാതിയുണ്ട്. കേരള പൊലീസിനെ അറിയിക്കാതെയായിരുന്നു തമിഴ്നാട് പൊലീസ് സംഘത്തിന്റെ നടപടിയെന്നാണ് ആരോപണം.
സംഭവത്തിൽ പുതൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കൂടുതൽ അന്വേഷണത്തിനായാണ് കേസ് അഗളി ഡിവൈഎസ്പിക്ക് കൈമാറുന്നത്.




