ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്നും കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തത് ലജ്ജാകരമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. സംഭവത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർത്ഥി സമരത്തെ ഡൽഹി പൊലീസ് സമാനതകളില്ലാത്ത രീതിയിലാണ് നേരിട്ടതെന്നും, സിആർപിഎഫും മറ്റ് സേനകളും ഉൾപ്പെടെ വലിയ സന്നാഹമാണ് ഉപയോഗിച്ചതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പെല്ലറ്റ് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടും നടപടിക്രമങ്ങൾ സംബന്ധിച്ചും ആഭ്യന്തരമന്ത്രി പാർലമെന്റിൽ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരുടെ നിർദ്ദേശപ്രകാരമാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. ആഭ്യന്തര വകുപ്പിന്റെ നടപടികൾ പാർലമെന്റിൽ ശക്തമായി ചോദ്യം ചെയ്യുമെന്നും, സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിച്ച ശേഷമേ ചർച്ച മുന്നോട്ട് പോകൂവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളും യുവാക്കളും നടത്തിയ പോരാട്ടമാണിതെന്നും, ഇത് ഏതെങ്കിലും ഒരു സംഘടനയുടെയോ പ്ലാറ്റ്‌ഫോമിന്റെയോ മാത്രം സമരമല്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നടന്ന കൂട്ടായ പോരാട്ടത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടി കണ്ടപ്പോഴാണ് സാധാരണ പ്രതിഷേധം മതിയാകില്ലെന്ന് മനസ്സിലാക്കിയതെന്നും, ഇതേ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ രാഹുൽ ഗാന്ധി നേരത്തെ തന്നെ ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചിരുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.




