പ്രിയദർശിനി പദ്ധതിയുടെ മറവിൽ യാത്രക്കാരെയും കെഎസ്ആർടിസിയെയും ഒരുപോലെ വഞ്ചിച്ച സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. പുരുഷ യാത്രക്കാരിൽ നിന്ന് ടിക്കറ്റ് തുക വാങ്ങിയ ശേഷം സ്ത്രീകൾക്കുള്ള സീറോ വാല്യൂ പ്രിയദർശിനി ടിക്കറ്റുകൾ നൽകിയെന്നാണ് കണ്ടെത്തൽ. ഇങ്ങനെ ലഭിച്ച പണം ജീവനക്കാർ സ്വന്തം കൈവശം വച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
പത്തനാപുരം ഡിപ്പോയിലെ ഒരു കണ്ടക്ടർ 18 രൂപയുടെ ടിക്കറ്റിന് ഒരു പുരുഷ യാത്രക്കാരന് സീറോ വാല്യൂ പ്രിയദർശിനി ടിക്കറ്റ് നൽകിയതായി പരിശോധനയിൽ കണ്ടെത്തി. ഇയാളുടെ ബാഗിൽ 40 രൂപ അധികം ഉണ്ടായിരുന്നതായും വിജിലൻസ് സംഘം കണ്ടെത്തി. സംഭവത്തെ തുടർന്ന് മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രിയദർശിനി ബസുകളിൽ വിജിലൻസ് പരിശോധന കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പദ്ധതിയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഈ രണ്ട് ജില്ലകളിൽ നിന്നായതിനാലാണ് പരിശോധന വ്യാപിപ്പിക്കുന്നത്.
ഈ തട്ടിപ്പിലൂടെ സർക്കാരിനും കെഎസ്ആർടിസിക്കും സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി വിലയിരുത്തുന്നു. കൃത്രിമമായി കളക്ഷൻ ഉയർത്തിക്കാട്ടി ബത്തയും കൈപ്പറ്റിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 14,000 രൂപയ്ക്ക് മുകളിലുള്ള കളക്ഷന് ഒരു ശതമാനം ബത്തയും, 20,000 രൂപയ്ക്ക് മുകളിലുള്ള കളക്ഷൻ രേഖപ്പെടുത്തി പ്രതിദിനം ഏകദേശം 200 രൂപവരെ ബത്തയായി കൈപ്പറ്റിയതായും ആരോപണമുണ്ട്.
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും ഓർഡിനറി വിഭാഗം ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രിയദർശിനി. നിലവിൽ 3,125 ഓർഡിനറി ബസുകളിലായി പദ്ധതി നടപ്പിലാക്കുന്നുണ്ട്. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകൾ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതായാണ് കണക്ക്.




