ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമായി കാണാനാകില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. നിയമപ്രകാരം കുറ്റകരമല്ലാത്ത കാര്യങ്ങളുടെ പേരിൽ ആളുകൾ മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വരുന്നത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ നടന്ന അഞ്ചാമത് ജസ്റ്റിസ് ജി.പി. സിംഗ് അനുസ്മരണ പ്രഭാഷണത്തിലാണ് ജസ്റ്റിസ് ഭുയാന്റെ പരാമർശം. ഗംഗാനദിയിൽ ഹൗസ് ബോട്ടിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചെന്നാരോപിച്ച് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തെ പരാമർശിച്ചുകൊണ്ടായിരുന്നു പ്രതികരണം. നദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു നിയമവും വിലക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാമ്പസുകളിലെ സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ വിദ്യാർഥി പ്രവർത്തകരെ ദീർഘകാലം തടങ്കലിൽ പാർപ്പിക്കുന്ന പ്രവണതയും ജസ്റ്റിസ് ഭുയാൻ വിമർശിച്ചു. ഇത്തരം നടപടികൾ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെയും തൊഴിൽ സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിചാരണ നേരിടുന്നവർക്കെതിരെ കോടതികൾ ചിലപ്പോൾ ഏർപ്പെടുത്തുന്ന കർശന ജാമ്യവ്യവസ്ഥകളെയും ജസ്റ്റിസ് ഭുയാൻ ചോദ്യം ചെയ്തു. പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നതിൽ നിന്ന് വിലക്കുക, പാസ്പോർട്ട് കെട്ടിവെക്കാൻ നിർബന്ധിക്കുക, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ വ്യവസ്ഥകൾ കോടതി തന്നെ അടിച്ചേൽപ്പിക്കുന്ന ‘സ്വയം സെൻസർഷിപ്പിന്’ തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടുതൽ അക്കാദമിക് സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും, വിമർശനാത്മക ചിന്തയും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരവും പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളായി നിയമ സർവകലാശാലകൾ മാറണമെന്നും ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ആഹ്വാനം ചെയ്തു.




