കൊച്ചി: ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണി നടത്തിയ പ്രതികരണത്തിന് പിന്നാലെ താരത്തിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിൽ കുറവുണ്ടായതായി റിപ്പോർട്ടുകൾ.
ഇൻസ്റ്റഗ്രാമിൽ പേളി മാണിയുടെ ഫോളോവേഴ്സ് 5.7 മില്യണിൽ നിന്ന് 5.5 മില്യണായി കുറഞ്ഞുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സിന്റെ കുറവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. യൂട്യൂബ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിലും ഇടിവുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ നടക്കുന്ന സമരവുമായി ബന്ധപ്പെട്ടായിരുന്നു പേളിയുടെ പ്രതികരണം.
സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സുരക്ഷിതരായിരിക്കണമെന്നും ജീവൻ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടുള്ള കുറിപ്പാണ് പേളി പങ്കുവെച്ചത്.
വിദ്യാർത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും പരിക്കുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വേദനാജനകമാണെന്നും, എല്ലാവരുടെയും സുരക്ഷ പ്രധാനമാണെന്നും പേളി കുറിച്ചു. അതേസമയം, പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം വഴിതെറ്റരുതെന്നും സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തിൽ വിശ്വസിക്കുന്നതായും അക്രമത്തെ പിന്തുണയ്ക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
പേളിയുടെ പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങൾ ഉയർന്നു. ഇതിന് പിന്നാലെയാണ് ഫോളോവേഴ്സിലെ ഇടിവ് സംബന്ധിച്ച ചർച്ചകൾ സജീവമായത്.




