പരസ്പരം അകന്ന് ജീവിക്കാൻ കഴിയില്ലെന്ന തീരുമാനത്തെ തുടർന്ന് ഒരേ യുവാവിനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. സരോജ് (20), സാവിത്രി റാണി (19), സന്തോഷ് (18) എന്നിവരാണ് വികാസ് എന്ന യുവാവിനെ വിവാഹം കഴിച്ചത്. ചാമുണ്ഡ മാതാ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.
മൂന്ന് സഹോദരിമാരും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരാണ്. ഇവരുടെ ഭർത്താവ് വികാസ് ക്യാമറാമാനായി പ്രവർത്തിക്കുകയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും തങ്ങൾ പരസ്പരം പിരിഞ്ഞിട്ടില്ലെന്നും, വിവാഹശേഷം മൂന്ന് വീടുകളിലേക്ക് മാറി താമസിക്കുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയില്ലെന്നും സഹോദരിമാർ പറഞ്ഞു.
“വിവാഹം കഴിഞ്ഞാൽ പിരിയേണ്ടിവരുമെന്ന് കരുതി മരിക്കാൻ വരെ ആലോചിച്ചിരുന്നു. പിന്നീട് ഇത്തരമൊരു തീരുമാനത്തിലെത്തുകയായിരുന്നു,” സഹോദരിമാർ പറഞ്ഞു. തങ്ങൾ നാലുപേരും പ്രായപൂർത്തിയായവരാണെന്നും, പൂർണമായ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും അവർ വ്യക്തമാക്കി. അതേസമയം, ഈ വിവാഹം വിശ്വാസങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ചില ഹിന്ദു സംഘടനകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.




