മലപ്പുറം: തിരൂരങ്ങാടിയിലെ വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തിയെന്ന പേരിൽ മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് ഭക്ഷണം തയ്യാറാക്കി വിൽപ്പന നടത്തിയതായി നഗരസഭാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തൽ.
രുചിക്കും കട്ടിക്കും വേണ്ടി പ്രത്യേക ചേരുവകൾ ചേർക്കുന്നുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന നിയമം നിലനിൽക്കെയാണ് ഇത് ലംഘിച്ച് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന തരത്തിൽ മൃഗക്കൊഴുപ്പ് ചേർത്ത് മന്തി തയ്യാറാക്കിയതായി കണ്ടെത്തിയത്. നഗരസഭാ സ്ക്വാഡ് തിരൂരങ്ങാടി മേഖലയിലെ വിവിധ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മീൻ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തി.
താലൂക്ക് ഓഫീസ് കാന്റീനിൽ നടത്തിയ പരിശോധനയിൽ സ്റ്റാളുകളിൽ നിന്ന് എത്തിച്ച ചിക്കനിൽ നിന്ന് രക്തം കഴുകിക്കളയാതെയാണ് നേരിട്ട് മസാല പുരട്ടി സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാന്റീൻ തുറന്ന് പ്രവർത്തിക്കരുതെന്ന് അധികൃതർ നിർദേശം നൽകുകയും നോട്ടീസ് നൽകുകയും ചെയ്തു. മാർക്കറ്റ് റോഡിലെ ഒരു സ്ഥാപനത്തിൽ നിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കാന്റീൻ, ബ്ലോക്ക് ഓഫീസ് കാന്റീൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് തലേദിവസം പാകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങളും കണ്ടെത്തി.
നിയമലംഘനം നടത്തിയ മുഴുവൻ സ്ഥാപനങ്ങൾക്കും നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നഗരസഭ സെക്രട്ടറി എം.വി. റംസി ഇസ്മായിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്ലീൻ സിറ്റി മാനേജർ പ്രകാശൻ ടി.കെ., സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ് എ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്മിത പി.പി., ശ്രീജി എ.എസ്., വിജേഷ് കുമാർ കെ. എന്നിവരും പരിശോധനയിൽ പങ്കെടുത്തു.




