കൊച്ചി: മലയാളികളുടെ പ്രിയ നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീടെന്ന സ്വപ്നം സഫലമായി. കൊച്ചി വെണ്ണലയിലാണ് പുതിയ വീട് ഒരുക്കിയത്. ഹനീഫയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം കഴിഞ്ഞ 16 വർഷമായി ഭാര്യ ഫസീലയും മക്കളായ സഫയും മർവയും വാടകവീട്ടിലായിരുന്നു താമസം. ഇപ്പോൾ ഹനീഫയുടെ സമ്പാദ്യത്തിൽ അദ്ദേഹത്തിന്റെ സ്വപ്നഭവനം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് കുടുംബം.
വെണ്ണല അംബേദ്കർ റോഡിലുള്ള പുതിയ വീടിന് ‘കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ’ എന്നാണ് പേര്. പിതാവ് എ.ബി. മുഹമ്മദിന്റെ പേരിൽ സ്വന്തം വീട് വേണമെന്നത് കൊച്ചിൻ ഹനീഫയുടെ വലിയ ആഗ്രഹമായിരുന്നുവെന്ന് കുടുംബം പറയുന്നു.
അഞ്ച് ബെഡ്റൂമുകളുള്ള മൂന്ന് നില വീട് മനോഹരമായ ഇന്റീരിയറോടെയാണ് ഒരുക്കിയിരിക്കുന്നത്. മക്കളായ സഫയും മർവയും ചേർന്നാണ് ഇന്റീരിയർ ഡിസൈൻ നിർവഹിച്ചത്. ഹനീഫ അന്തരിക്കുമ്പോൾ നാല് വയസായിരുന്നു ഇരട്ടകളായ ഇവർക്ക്. കഴിഞ്ഞ 16 വർഷത്തിനിടെ മക്കളെ വളർത്തിക്കൊണ്ട് ഭർത്താവിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഫസീല.
തലശ്ശേരി സ്വദേശിനിയായ ഫസീല, ബന്ധുക്കളുടെ നിർബന്ധം ഉണ്ടായിട്ടും നാട്ടിലേക്ക് മടങ്ങാതെ കൊച്ചിയിൽ തന്നെ തുടരുകയായിരുന്നു. കടവന്ത്രയിലെ വാടകവീട്ടിൽ 16 വർഷം കഴിഞ്ഞ കുടുംബം ഒടുവിൽ കൊച്ചിയിൽ തന്നെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു.
നിയമക്കുരുക്കിലായിരുന്ന കൊച്ചിൻ ഹനീഫയുടെ സ്വത്തുക്കൾ മക്കൾക്ക് 18 വയസ്സ് തികഞ്ഞതോടെ തിരികെ ലഭിച്ചതും കുടുംബത്തിന് വലിയ ആശ്വാസമായി. മകൾ സഫയെ സി.എ.യും മർവയെ സി.എസ്. പഠിപ്പിക്കണമെന്നത് ഹനീഫയുടെ ആഗ്രഹമായിരുന്നുവെന്നും കുടുംബം പറയുന്നു.
കൊച്ചിൻ ഹനീഫയുടെ മരണശേഷം കുടുംബത്തെ സംരക്ഷിക്കാൻ നടൻ ദിലീപ് നൽകിയ പിന്തുണയും ഫസീലയുടെ സഹോദരൻ ഓർമിച്ചു. ആരുടെയും മുന്നിൽ കൈ നീട്ടാൻ ഇഷ്ടപ്പെടാത്ത കൊച്ചിൻ ഹനീഫയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാണ് ഇന്ന് വെണ്ണലയിലെ ‘എ.ബി. മൻസിൽ’ എന്നും കുടുംബം പറയുന്നു.




