ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതിനെതിരായ പ്രതിഷേധവുമായി ട്രാന്‍സ്പോര്‍ട്ട് യൂണിയനുകൾ രംഗത്ത്. ഡൽഹി ടാക്സി, ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ്, ടൂർ ഓപ്പറേറ്റർ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ആഗസ്റ്റ് നാലിന് പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം.
ഇ20 പെട്രോളിനെ തുടർന്നുള്ള വാഹനങ്ങളുടെ പ്രവർത്തനക്ഷമത, ഇന്ധനക്ഷമത, പരിപാലനച്ചെലവ് എന്നിവ സംബന്ധിച്ച ആശങ്കകളാണ് സംഘടനകൾ ഉയർത്തുന്നത്. 2015ന് മുമ്പ് നിർമ്മിച്ച നിരവധി വാഹനങ്ങൾ ഇ20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തവയല്ലെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു.
വാഹന ഉടമകൾ, ഉപഭോക്താക്കൾ, വാഹന നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ഇ20 പെട്രോൾ നയത്തിൽ സ്വതന്ത്രവും ശാസ്ത്രീയവുമായ അവലോകനം നടത്തണമെന്നും ഗതാഗത സംഘടനകൾ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ഉന്നയിച്ചായിരിക്കും പാർലമെന്റ് മാർച്ച് നടത്തുക. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനു പിന്നാലെയാണ് ഗതാഗത യൂണിയനുകൾ മാർച്ച് പ്രഖ്യാപിച്ചത്.
അതേസമയം, ഇ20 പെട്രോളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പുതിയ കൂട്ടായ്മയും രൂപപ്പെട്ടിട്ടുണ്ട്. ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിലുള്ള ഈ കൂട്ടായ്മ, ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഇന്ധനം തിരഞ്ഞെടുക്കാനുള്ള അവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
“ഓരോ പൗരന്റെയും ശുദ്ധമായ പെട്രോൾ ലഭിക്കാനുള്ള അവകാശത്തിനായി പോരാടും. വാഹനങ്ങളുടെ ഇന്ധന ടാങ്കിലേക്ക് എന്ത് പോകണമെന്ന് ഉപഭോക്താക്കൾ തീരുമാനിക്കട്ടെ” എന്നാണ് കൂട്ടായ്മയുടെ സോഷ്യൽ മീഡിയ ബയോയിൽ പറയുന്നത്.




