കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ഒരാൾ മരിച്ചു. കൊയിലാണ്ടി നടേരി സ്വദേശി തെറ്റിക്കുന്ന് ബിജു (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഈ മാസം 23നാണ് ബിജുവിന് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു ബിജു.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തെ കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. രോഗി വീടിന് പുറത്തേക്ക് പോയതായോ ഏതെങ്കിലും ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തതായോ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല.
രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രദേശത്ത് ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ തുടങ്ങിയ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് സാധാരണയായി ഈ രോഗബാധയ്ക്ക് സാധ്യത കൂടുതലുള്ളത്.




