തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി. ഇ.ഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചി ഇ.ഡി. ഓഫീസില്‍ രാവിലെ പത്തരയോടെയാണ് വീണ എത്തിയത്. ഭര്‍ത്താവ് മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു.
സി.എം.ആര്‍.എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ഇ.ഡി. വിശദമായ ചോദ്യം ചെയ്യല്‍ നടത്തുന്നത്. നേരത്തെ വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ കൂടുതല്‍ സമയം തേടിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ സി.എം.ആര്‍.എല്‍ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്തയെയും, സി.എം.ആര്‍.എല്‍ ഡയറക്ടറും എംപവര്‍ ഇന്ത്യ ഡയറക്ടറുമായ ജയ കര്‍ത്തയെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
വീണയുടെ എക്സാലോജിക് സ്ഥാപനത്തിന് എന്ത് സേവനത്തിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്നും, സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളുമാണ് ശരണ്‍ എസ്. കര്‍ത്തയില്‍ നിന്ന് ഇ.ഡി. തേടിയത്.
അതേസമയം, സി.എം.ആര്‍.എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യയില്‍ നിന്ന് വീണയ്ക്ക് നല്‍കിയ 50 ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വായ്പ അനുവദിച്ച സാഹചര്യങ്ങള്‍, തിരിച്ചടവ് വിവരങ്ങള്‍ എന്നിവയാണ് ജയ കര്‍ത്തയില്‍ നിന്ന് ഇ.ഡി. അന്വേഷിച്ചത്.
മാസപ്പടി കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണ ടി. ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായിരിക്കുന്നത്.




