പാലക്കാട്: ഷൊര്‍ണൂരില്‍ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലമ്പുഴ മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് റേബീസ് ബാധയുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ മുതലിയാര്‍ തെരുവില്‍ വെച്ച് ശശികല, മണികണ്ഠന്‍, കൃഷ്ണരാജ് എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇവരില്‍ വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവും ഉള്‍പ്പെടുന്നു.
നായയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മണികണ്ഠനും കൃഷ്ണരാജിനും ഗുരുതര പരിക്കുകളാണ് ഉണ്ടായത്.
പ്രദേശവാസികളെയും വളര്‍ത്തുമൃഗങ്ങളെയും തുടര്‍ച്ചയായി ആക്രമിച്ചിരുന്ന നായയ്ക്ക് പേവിഷബാധയുണ്ടെന്ന സംശയം നാട്ടുകാര്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ നായയെ ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് നായയുടെ ജഡം മലമ്പുഴ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാഫലത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നായയുടെ സമ്പര്‍ക്കത്തില്‍ വന്നവര്‍ ഉടന്‍ ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിച്ചു.




