പാലക്കാട്: ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ എന്ന 42-കാരനാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് ഇത്. കഴിഞ്ഞ ദിവസമാണ് കരിമ്പുഴ സ്വദേശിനിയായ 62-കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതിന് മുമ്പ് ജൂണ്‍ 13-ന് പട്ടാമ്പി സ്വദേശിനിയായ 73-കാരിയും രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.
കഴിഞ്ഞ മാസം മാത്രം രണ്ട് മരണങ്ങളാണ് ഡെങ്കിപ്പനി മൂലം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഇതുവരെ 543 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
മണ്ണാര്‍ക്കാട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
മഴക്കാലം ശക്തമാകുന്നതിനിടെ ഡെങ്കിപ്പനി വ്യാപനം ആശങ്കയുണര്‍ത്തുന്ന സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്.




