പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി ഡ്രിപ്പ് ഇട്ടെന്ന ആരോപണം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ആശുപത്രി അധികൃതരും വിശദീകരണവുമായി രംഗത്തെത്തി.
പാറശ്ശാല തളച്ചാൻവിള സ്വദേശിയുടെ മൂന്ന് വയസുകാരിയായ മകൾക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചെന്ന പരാതി ഉയർന്നത്. കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച മരുന്ന് കുട്ടിക്ക് ഡ്രിപ്പിലൂടെ നൽകിയതായാണ് കുടുംബത്തിന്റെ ആരോപണം.
സംഭവം പുറത്തുവന്നതോടെ ഡിവൈഎഫ്ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്ത് വലിയ പൊലീസ് സന്നാഹം വിന്യസിച്ചു. പ്രധാന കവാടത്തിൽ ബാരിക്കേഡ് സ്ഥാപിച്ചും സുരക്ഷ ശക്തമാക്കി.
അതേസമയം, ആരോപണത്തിൽ പ്രതികരണവുമായി ആശുപത്രി സൂപ്രണ്ടും രംഗത്തെത്തി. പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റുന്നതിനിടെയുണ്ടായ പിഴവാകാമെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ആരോഗ്യ വകുപ്പിന്റെ ഇടപെടലും വിഷയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.




