പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ സ്വകാര്യ ബസുടമകളുടെ അടിയന്തര അവലോകന യോഗം. സർക്കാരിന്റെ പുതിയ പദ്ധതിയെ സ്വാഗതം ചെയ്തെങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം സമരത്തിലേക്ക് നീങ്ങുമെന്ന് ബസുടമകൾ മുന്നറിയിപ്പ് നൽകി.
കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് ബസുടമകൾ നിലപാട് വ്യക്തമാക്കിയത്. സർക്കാർ ഏത് വിഭാഗത്തിനും ആനുകൂല്യം നൽകുന്നത് സ്വാഗതാർഹമാണെങ്കിലും, അതിന്റെ ആഘാതം സ്വകാര്യ ബസ് മേഖലയെ ബാധിക്കുന്നുവെന്നാണ് സംഘടനയുടെ ആരോപണം.
ഒരു കിലോമീറ്റർ സ്വകാര്യ ബസ് സർവീസ് നടത്താൻ 50 രൂപ 65 പൈസ ചെലവാകുന്ന സാഹചര്യത്തിൽ, കിലോമീറ്ററിന് 55 രൂപ നിരക്കിൽ സർക്കാർ ബസുകൾ ഏറ്റെടുത്ത് നടത്തണമെന്നാണ് പ്രധാന ആവശ്യം.
കെഎസ്ആർടിസിയിൽ നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസുകളിലും സീറോ ടിക്കറ്റ് സംവിധാനത്തിലൂടെ നടപ്പാക്കി, അതിന്റെ തുക സർക്കാർ സബ്സിഡിയായി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പകുതി വിലയ്ക്ക് ഇന്ധനവും നികുതി ഇളവും നൽകണമെന്നാണ് മറ്റൊരു നിർദേശം. 19-ന് ശേഷം മുഖ്യമന്ത്രിയെ കണ്ട് ആവശ്യങ്ങൾ അറിയിച്ച ശേഷമാകും സമരപരിപാടികൾ പ്രഖ്യാപിക്കുകയെന്ന് ബസുടമകൾ വ്യക്തമാക്കി.




