പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തതായി പരാതി. വർക്കല സ്വദേശി ബോബി (22)ക്കെതിരെ കൊല്ലം സ്വദേശിനിയാണ് പരാതി നൽകിയത്. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം ഒൻപതിന് രാത്രി തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് അമൃത എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ പ്രതി നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും യുവതി പ്രതികരിച്ചില്ലെന്നാണ് വിവരം. തുടർന്ന് ട്രെയിൻ വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ തേടിയെത്തിയ ബോബി, ഫോൺ എടുക്കാത്തതിനെച്ചൊല്ലി ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി കൊണ്ടുപോയതായും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




