തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ കേസിൽ അമ്മയും മകളും അറസ്റ്റിൽ. തൂമാനം ചിറയത്ത് വീട്ടിൽ ബിന്ദു എന്ന റിനി, മകൾ സോന (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് ഉൾപ്പെടെ തൃശൂർ ജില്ലയിൽ നിരവധി കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
അയൽവാസിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. സ്റ്റേഷനിലെ വസ്തുവകകൾ നശിപ്പിക്കുകയും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലായിരുന്നു നടപടി.




