മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ സഖ്യം. നാളെ ഉച്ചയ്ക്ക് ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ഇന്ത്യാ സഖ്യ നേതാക്കൾ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് സൃഷ്ടിച്ച സംഘർഷസാഹചര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.
അതിനിടെ, പ്രതിഷേധക്കാരെ തടയാൻ ദില്ലി പൊലീസ് സ്വീകരിച്ച നടപടികളിൽ സുപ്രീംകോടതി ഇടപെട്ടു. സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടികൾ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ഇന്റർനെറ്റ്, മെട്രോ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്നും ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകത പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. നിയന്ത്രണങ്ങളുടെ പേരിൽ പൗരാവകാശങ്ങൾ ലംഘിക്കരുതെന്നും കോടതി നിരീക്ഷിച്ചു.
പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങൾ മുതിർന്ന അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഓടിക്കൊണ്ടിരുന്ന ബസിലേക്ക് വലിച്ചിഴച്ചതായും ഒരു അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.
ഹർജികളിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോടും ഡൽഹി പൊലീസിനോടും വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കേണ്ടിവന്ന സാഹചര്യം വ്യക്തമാക്കണമെന്നാണ് ഡൽഹി പൊലീസിനുള്ള നിർദേശം.




