തൃശൂർ: സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ വീട്ടിൽ സുജാത (28), പടിഞ്ഞാറേ വെമ്പല്ലൂരിൽ താമസിക്കുന്ന പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടിൽ റോജ (43) എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലത (70)യാണ് തട്ടിപ്പിനിരയായത്.
പുൽത്തൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തിയ പ്രതികൾ, വീടിരിക്കുന്ന സ്ഥലത്ത് സർപ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് വീട്ടമ്മയെ ഭയപ്പെടുത്തുകയായിരുന്നു.
സർപ്പകോപം തീർക്കുന്നതിനായി സ്വർണം ഉപയോഗിച്ച് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമർപ്പിക്കണമെന്നും പ്രതികൾ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച വീട്ടമ്മ തന്റെ സ്വർണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയുമടക്കം ആറര പവനോളം സ്വർണവും 6,500 രൂപയും വഴിപാടിനായി കൈമാറി.
ആകെ 6,75,000 രൂപയുടെ നഷ്ടമാണ് വീട്ടമ്മയ്ക്ക് ഉണ്ടായത്. പ്രതികൾ വീട്ടിൽനിന്ന് പോയതിന് ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടതായി വീട്ടമ്മ തിരിച്ചറിഞ്ഞത്. തുടർന്ന് അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. തട്ടിയെടുത്ത സ്വർണത്തിൽ 48 ഗ്രാം ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തി. ഇവിടെനിന്ന് സ്വർണം പൊലീസ് വീണ്ടെടുത്തു.
അന്തിക്കാട് പൊലീസ് ഇൻസ്പെക്ടർ കേഴ്സൺ വി. മാർക്കോസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




