ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഘട്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
ദേവാസിലെ സത്‌വാസ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കലാവത്തിലുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടം. കനത്ത മഴയെ തുടർന്ന് സമീപത്തെ തോട് കരകവിഞ്ഞൊഴുകി റോഡിൽ വെള്ളം കയറിയിരുന്നു.
റോഡിൽ വെള്ളം കയറിയതിനാൽ മുന്നോട്ട് പോകരുതെന്ന് നാട്ടുകാർ വാൻ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് വാഹനം മുന്നോട്ടെടുത്തതോടെ ഒമ്നി വാൻ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
വാഹനത്തിൽ 11 പേരാണ് ഉണ്ടായിരുന്നത്. നാട്ടുകാർ രണ്ട് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒൻപത് പേരുടെയും മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തി.
പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴ 45ഓളം ഗ്രാമങ്ങളെ ബാധിച്ചതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രോഹിത് ബാംഹോർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കുടുംബം അപകടത്തിൽപ്പെട്ട വിവരം അധികൃതർ അറിഞ്ഞത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി മോഹൻ യാദവ് നിർദേശം നൽകിയതായും എസ്.ഡി.എം അറിയിച്ചു.




