കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ‘ഫ്രഷ് കട്ട്’ അറവു മാലിന്യ സംസ്കരണ കേന്ദ്രം മറ്റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചേക്കുമെന്ന് സൂചന. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നിലവിലെ നീക്കം. ജനവാസ മേഖലയിൽ പ്ലാന്റ് പ്രവർത്തിക്കുന്നതിനെതിരെ പ്രദേശത്ത് വലിയ ജനരോഷവും ശക്തമായ സമരങ്ങളുമാണ് ഉയർന്നിരുന്നത്. പ്ലാന്റ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയാൽ സമരം ശക്തമാക്കുമെന്ന് ജനകീയ സമരസമിതിയും മുന്നറിയിപ്പ് നൽകിയിരുന്നു.
കനത്ത മഴയെത്തുടർന്ന് ഫ്രഷ് കട്ടിൽ വെള്ളം കയറുകയും, മാലിന്യങ്ങൾ അടങ്ങിയ വെള്ളം സമീപത്തെ ജലസ്രോതസ്സുകളിലേക്ക് വ്യാപിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. തുടർന്ന് എം.എൽ.എ പി.കെ. ഫിറോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഇതിന് സ്റ്റേ അനുവദിക്കുകയാണുണ്ടായത്.
പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് പ്ലാന്റ് മറ്റ് സ്ഥലത്തേക്ക് മാറ്റാൻ മാനേജ്‌മെന്റ് സമ്മതം അറിയിച്ചിരിക്കുന്നത്. സർക്കാരിന്റെ പിന്തുണയോടെ പുതിയ സ്ഥലം കണ്ടെത്തുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അതേസമയം, പ്ലാന്റുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം വിശദീകരിച്ച് ജില്ലാ കളക്ടർ നാളെ ഹൈക്കോടതിയിൽ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും.




