കൊല്ലം: കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണ് പരിക്കേറ്റു. കല്ലറ താപസഗിരി സ്വദേശി, പോളിടെക്നിക് വിദ്യാർഥിയായ അൽ അമീൻ (19) ആണ് അപകടത്തിൽപ്പെട്ടത്.
കല്ലറ പഴയചന്ത ജംഗ്ഷനിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ തുറന്നതിനെ തുടർന്നാണ് വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണത്.
അപകടത്തിൽ അൽ അമീന്റെ തലയ്ക്കും കാലിനും പരിക്കേറ്റു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടസമയത്ത് ബസിനുള്ളിൽ വലിയ തിരക്കുണ്ടായിരുന്നുവെന്നാണ് വിവരം.




