കാസർകോട് ഉദുമയിൽ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വരനും വധുവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരായ കാസർകോട് കിഴക്കേക്കര സ്വദേശിനി പി. അനുശ്രീയും കണ്ണൂർ അമ്പത്തട്ട് സ്വദേശി അമലുമാണ് മരിച്ചത്.
ഡിസംബർ 26-ന് വിവാഹം നിശ്ചയിച്ചിരിക്കെയാണ് ഇരുവരും ജീവനൊടുക്കിയത്. വീഡിയോ കോളിന് പിന്നാലെയായിരുന്നു സംഭവങ്ങൾ. കർണാടകയിലെ ഹുന്‍സൂരിലെ താമസസ്ഥലത്താണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തെ ഹോട്ടൽ മുറിയിലായിരുന്നു അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ഹുന്‍സൂർ എസ്‌ബിഐ ശാഖയിൽ ജോലിയിൽ ഉണ്ടായിരുന്നു. അനുശ്രീയുമായി ഫോണിൽ സംസാരിച്ചിരുന്നെന്നും, ആ സമയത്ത് അമൽ വിളിച്ച കാര്യം അനുശ്രീ പറഞ്ഞിരുന്നെന്നും സഹോദരി വ്യക്തമാക്കി. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ലെന്ന് കുടുംബം പറയുന്നു.
രാവിലെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിട്ടും അനുശ്രീ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹുന്‍സൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകിട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
അനുശ്രീയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ബുധനാഴ്ച രാവിലെ 8.45-ഓടെ അമൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് തന്റെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുനൽകി. സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ലോഡ്ജിലെത്തിയ സുഹൃത്തുക്കൾ വാതിൽ തള്ളിത്തുറന്ന് പരിശോധിച്ചപ്പോഴാണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം അമലിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമാക്കുന്നതിനായി ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിക്കും. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും മറ്റ് വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കാനാണ് പൊലീസ് നീക്കം.
അനുശ്രീയുടെ അച്ഛൻ നീലേശ്വരം മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി ഉടമ കെ. ചന്ദ്രനാണ്. അമ്മ റീന. സഹോദരി ശ്രീലക്ഷ്മി. അമൽ, സുധാകരൻ–അനിത ദമ്പതികളുടെ മകനാണ്. സഹോദരി നക്ഷത്ര.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)




