തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായങ്ങളിൽ, മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകും.
വീട്ടിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും പതിനായിരം രൂപ വീതം അനുവദിക്കും. ഈ സഹായത്തിന് അർഹരാകാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരിക്കണമെന്ന നിബന്ധനയില്ല. പൂർണമായി തകർന്ന വീടുകൾക്ക് ആറു ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും നൽകും.
തിരികെ സ്വന്തം വീടുകളിൽ താമസിക്കാൻ കഴിയാത്തവർക്ക് വാടക സഹായവും, വീടുകളിൽ വെള്ളം കയറി ദുരിതമനുഭവിച്ചവർക്ക് പ്രതിദിനം 300 രൂപ വീതവും അനുവദിക്കും. കടകളിൽ വെള്ളം കയറിയ വ്യാപാരികൾക്ക് പതിനായിരം രൂപ വീതം ധനസഹായവും നൽകും.
കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കുകയും കൂടുതൽ ജിയോ ബാഗുകൾ സ്ഥാപിക്കുകയും ചെയ്യും. പുനർഗേഹം പദ്ധതി പുതുക്കി കൂടുതൽ തുക അനുവദിക്കുന്ന പുതിയ പദ്ധതിയും സർക്കാർ തയ്യാറാക്കും.
ഡാം മാനേജ്മെന്റിൽ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുമെന്നും, കാലാവസ്ഥാ പ്രവചനത്തിനായി പുതിയ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡാമുകളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കാൻ റവന്യൂ, ജലവിഭവ വകുപ്പുകൾക്ക് നിർദേശം നൽകിയതായും മഴയ്ക്ക് ശമനമായാൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയിൽ ഇതുവരെ 26 പേർ മരിക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 452 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരക്കണക്കിന് പേർ കഴിയുകയാണ്. പ്രാഥമിക കണക്കുകൾ പ്രകാരം 67.44 കോടി രൂപയുടെ നാശനഷ്ടവും 1,882 ഹെക്ടർ കൃഷിയിടങ്ങളിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 23,537 കർഷകരെയാണ് ഇത് ബാധിച്ചത്.
ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്നും, അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത വീട് സർക്കാർ പൂർത്തിയാക്കി നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.




