സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരണം എട്ടായി. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 13 പേർക്ക് പരുക്കേറ്റതായും എട്ട് പേരെ കാണാതായതായും അധികൃതർ അറിയിച്ചു.
മഴ, മിന്നൽ പ്രളയം, ഉരുൾപൊട്ടൽ എന്നിവയെ തുടർന്ന് 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
ഇന്നലത്തെ അതിതീവ്ര മഴയെ അപേക്ഷിച്ച് ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ട്. മധ്യകേരളത്തിൽ വെള്ളം കയറിയ പല പ്രദേശങ്ങളിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി.
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മഴയുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും ഏത് സാഹചര്യവും നേരിടാൻ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. ആവശ്യങ്ങൾക്കായി സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പൂർണ സജ്ജമാണെന്ന് അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ യോഗം ചേർന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.




